നൊബേല്‍ 2013

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
നൊബേല്‍ 2013 
---------------------------------------------------------------------------------
---------------------------------------------------------
വൈദ്യശാസ്ത്ര നൊബേല്‍
---------------------------------------------------------
ജയിംസ് റോത്ത്മാന്‍ , റാന്‍ഡി ഷെക്മാന്‍ , തോമസ് സുഥോഫ്
കോശങ്ങള്‍ രാസവസ്തുക്കള്‍ നിര്‍മിച്ച് കൃത്യസമയത്ത് ശരീരത്തില്‍ ആവശ്യമായ സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ 2013 ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ ജയിംസ് റോത്ത്മാന്‍ , റാന്‍ഡി ഷെക്മാന്‍ എന്നിവരും, ജര്‍മന്‍ ഗവേഷകനായ തോമസ് സുഥോഫുമാണ് പുരസ്‌ക്കാരം പങ്കിട്ടത്.
നിലവില്‍ അമേരിക്കയില്‍ ന്യൂ ഹെവനിലെ യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസറും സെല്‍ ബയോളജി വകുപ്പിന്റെ ചെയര്‍മാനുമായ ജെയിംസ് ഇ. റോത്ത്മാന്‍ , 1950 ല്‍ മസാച്യൂസെറ്റ്‌സിലെ ഹാവെര്‍ഹില്ലിലാണ് ജനിച്ചത്. ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് 1976 ലാണ് അദ്ദേഹം പി.എച്ച്.ഡി.നേടിയത്. 
ബര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറായ റാന്‍ഡി സി. ഷെക്മാന്‍ , മിന്നസോട്ടയിലെ സെന്റ് പോളില്‍ 1948 ലാണ് ജനിച്ചത്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് 1974 ലാണ് അദ്ദേഹം പി.എച്ച്.ഡി.നേടിയത്. നൊബേല്‍ ജേതാവ് ആര്‍തര്‍ കോണ്‍ബര്‍ഗിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. 
നിലവില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ ഫിസിയോളജിയില്‍ പ്രൊഫസറായ തോമസ് സി.സുഥോഫ്, 1955 ല്‍ ജര്‍മനിയിലെ ഗോട്ടിങനിലാണ് ജനിച്ചത്. ഗോട്ടിങനിലെ ജോര്‍ജ്-ആഗസ്റ്റ്-യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1982 ല്‍ എം.ഡി. ബിരുദം നേടി.
കൂടുതൽ വായിക്കാം (Official Site)


---------------------------------------------------------
ഭൗതികശാസ്ത്ര നൊബേല്‍
---------------------------------------------------------
ഫ്രാന്‍കോയ്‌സ് ഇന്‍ഗ്ലെര്‍ട്ടും പീറ്റര്‍ ഹിഗ്ഗ്‌സും - ഫോട്ടോ : AP
'ദൈവകണ'മെന്ന് വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണ്‍ സംവിധാനം ആവിഷ്‌ക്കരിച്ച രണ്ട് ഗവേഷകര്‍ 2013 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ബെല്‍ജിയം സ്വദേശിയായ ഫ്രാന്‍കോയ്‌സ് ഇന്‍ഗ്ലെര്‍ട്ട്, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ ഹിഗ്ഗ്‌സ് എന്നിവരാണ് പുരസ്‌ക്കാരം നേടിയത്.പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം (ദ്രവ്യമാനം) നല്‍കുന്ന സിദ്ധാന്തം ആവിഷ്‌ക്കരിച്ചതില്‍ പ്രമുഖരാണ് ഇന്‍ഗ്ലെര്‍ട്ടും ഹിഗ്ഗ്‌സും. ആ സിദ്ധാന്തത്തിന്റെ ആണിക്കല്ലായി അവര്‍ പ്രവചിച്ച 'ഹിഗ്ഗ്‌സ് ബോസോണ്‍ ' എന്ന മൗലിക കണത്തെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍ എച്ച് സി) ലെ കണികാപരീക്ഷണം വഴി 2012 ല്‍ സ്ഥിരീകരിച്ചു.യൂറോപ്യന്‍ കണികാപരീക്ഷണശാലയിയാ 'സേണി'ല്‍ നടക്കുന്ന കണികാപരീക്ഷണത്തിലാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. എല്‍ എച്ച് സി യിലെ 'അറ്റ്‌ലസ്', 'സിഎംഎസ്' പരീക്ഷണങ്ങളാണ് സ്ഥിരീകരണം നടത്തിയത്. 1964 ല്‍ മുന്നോട്ടുവെച്ച സിദ്ധാന്തത്തിനാണ് 49 വര്‍ഷത്തിന് ശേഷം നൊബേല്‍ പുരസ്‌ക്കാരം ലഭിക്കുന്നത്.

---------------------------------------------------------
രസതന്ത്ര നൊബേല്‍
---------------------------------------------------------

മാര്‍ട്ടിന്‍ കാര്‍പ്ലസ്, മൈക്കല്‍ ലെവിറ്റ്, അരിയ വാര്‍ഷല്‍
രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. മാര്‍ട്ടിന്‍ കാര്‍പ്ലസ്, മൈക്കല്‍ ലെവിറ്റ്, അരിയ വാര്‍ഷല്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.സ്റ്റോക്‌ഹോമില്‍ ഗൊരാന്‍ ഹാന്‍സന്‍ അധ്യക്ഷനായ സമിതിയെ നൊബേല്‍ ജേതാക്കളെ പ്രഖ്യാപിച്ചത്. സങ്കീര്‍ണ രാസസംവിധാനങ്ങളുടെ വ്യത്യസ്ത തോതിലുള്ള മാതൃകകള്‍ സംബന്ധിച്ച പഠനത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം മാതൃകകള്‍ നിര്‍മ്മിക്കാനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഇവര്‍ വികസിപ്പിച്ചെടുത്തു.

---------------------------------------------------------
സാഹിത്യ നൊബേല്‍
---------------------------------------------------------

കനെഡിയന്‍ എഴുത്തുകാരി ആലിസ് മുന്‍ട്രോ 2013 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരത്തിന് അര്‍ഹയായി.'സമകാലിന ചെറുകഥാസാഹിത്യത്തിലെ കുലപതി'യാണ് ആലിസ് മുന്‍ട്രോയെന്ന് പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി വിലയിരുത്തി. 2009 ല്‍ മാന്‍ബുക്കര്‍ പുരസ്‌കാരം മുന്‍ട്രോ നേടിയിരുന്നു. സാഹിത്യ നൊബേല്‍ നേടുന്ന 13 -ാമത്തെ വനിതയാണ് മുന്‍ട്രോ.
കനേഡിയന്‍ പ്രവിശ്യയായ ഒന്റാറിയോയിലെ വിന്‍ഗാമില്‍ 1931 ജൂലായ് 10 ന് ജനിച്ച ആലീസ് മുന്‍ട്രോ, വെസ്‌റ്റേന്‍ ഒന്റാറിയൊ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യവും പത്രപ്രവര്‍ത്തനവും പഠിക്കാനാരംഭിച്ചു. എന്നാല്‍ 1951 ലെ വിവാഹത്തോടെ വിദ്യാഭ്യാസം മുടങ്ങി. ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ കുടിയേറിയ മുന്‍ട്രോയും ഭര്‍ത്താവും അവിടെയൊരു പുസ്തകവില്‍പ്പനശാല ആരംഭിച്ചു.കൗമാരപ്രായത്തില്‍ തന്നെ സാഹിത്യരചന ആരംഭിച്ച മുന്‍ട്രോ, തന്റെ ആദ്യ ചെറുകഥാ സമാഹാരം 'ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്' 1968 ല്‍ പ്രസിദ്ധീകരിച്ചു. കാനഡയില്‍ അത് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയായി മാറി. രണ്ടാമത്തെ കഥാസമാഹാം 'ലിവ്‌സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ ' 1971 ല്‍ പുറത്തുവന്നു. മുഖ്യമായും ചെറുകഥകളുടെ പേരിലാണ് മുന്‍ട്രോ അറിയപ്പെടുന്നത്. 'ഹൂ ഡു യു തിങ്ക് യു ആര്‍ ?' (1978), 'ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ ' (1982), 'റണ്ണവേ' (2004), 'ദി വ്യൂ ഫ്രം കാസില്‍ റോക്ക്' (2006), 'റ്റൂ മച്ച് ഹാപ്പിനെസ്' (2009) എന്നിവ പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട മുന്‍ട്രോയുടെ ചെറുകഥാസമാഹാരങ്ങളാണ്. വ്യക്തതയും സൈക്കോളജിക്കല്‍ റിയലിസവും മുഖമുദ്രയാക്കിയ മുന്‍ട്രോയുടെ കഥകള്‍ മികവാര്‍ന്ന രീതിയില്‍ വാര്‍ത്തെടുക്കപ്പെട്ടവയാണെന്ന് നിരൂപകര്‍ വിലയിരുത്തുന്നു. 'കനേഡിയന്‍ ചെക്കോവ്' എന്ന വിശേഷണം പോലും അവര്‍ക്ക് ചില നിരൂപകര്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്.


---------------------------------------------------------
സമാധാന നൊബേല്‍
---------------------------------------------------------
സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം രാസായുധ നശീകരണത്തിനായി പ്രയത്‌നിക്കുന്ന 'ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ്' (ഒ.പി.സി.ഡബ്ല്യു.) എന്ന സംഘടനയ്ക്ക്. നൊബേല്‍ സമാധാന പുരസ്‌കാരം ലഭിക്കുന്ന 25-ാമത്തെ സംഘടനയാണ് രാസായുധ നശീകരണ സംഘടന.നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസ്ഥാനമായി 1997-ല്‍ നിലവില്‍വന്ന രാസായുധ നശീകരണ സംഘടനയില്‍ 189 രാജ്യങ്ങള്‍ അംഗങ്ങളാണ്. നവംബര്‍ ഒന്നിനകം സിറിയയിലെ രാസായുധങ്ങള്‍ സുരക്ഷിതമായി നശിപ്പിക്കുന്നതിനുള്ള ചുമതല സംഘടനയ്ക്കാണ്.
രാസായുധങ്ങള്‍ ഇല്ലായ്മചെയ്യാനും അതിന് അന്താരാഷ്ട്ര നിയമത്തിന് മുമ്പാകെ 'ഭ്രഷ്ട്' കല്‍പ്പിക്കാനും നല്‍കിയ സംഭാവനകളെ ആദരിച്ചാണ് പുരസ്‌കാരമെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അറിയിച്ചു. സിറിയയില്‍ അടുത്തിടെ 1400-ല്‍ അധികം സാധാരണക്കാരുടെ മരണത്തിനിടയാക്കിയ രാസായുധാക്രമണം ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിനാശകരമായ ഇത്തരം ആയുധങ്ങള്‍ക്കെതിരെയുള്ള സന്ദേശമായി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. 1.25 ദശലക്ഷം ഡോളറാണ് (7.63 കോടി രൂപ) സമ്മാനത്തുക. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10-ന് ഓസ്‌ലോയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

---------------------------------------------------------
സാമ്പത്തികശാസ്ത്ര നൊബേല്‍
---------------------------------------------------------
ആസ്തിമൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട പ്രായോഗികവിശകലനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മൂന്ന് അമേരിക്കന്‍ പ്രൊഫസര്‍മാര്‍ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം പങ്കുവെച്ചു. യൂജിന്‍ ഫാമ, പീറ്റര്‍ ഹാന്‍സന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.
ആസ്തിവിലകള്‍ നിര്‍ണയിക്കുന്നതിന് ഇന്ന് നിലനില്‍ക്കുന്ന രീതിക്ക് അടിസ്ഥാനമേകിയത് മൂവരുടെയും സംഭാവനകളാണെന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഓഹരി, ബോണ്ട്, കടപ്പത്രങ്ങള്‍ എന്നിവയിലുള്ള നിക്ഷേപങ്ങളെക്കുറിച്ച് ഇവര്‍ നടത്തിയ പഠനം നിക്ഷേപരീതിയെത്തന്നെ സ്വാധീനിച്ചവയാണ്. 
ഹ്രസ്വകാലത്തേക്ക് ഓഹരിവിലകള്‍ പ്രവചിക്കുന്നതിലുള്ള സങ്കീര്‍ണതകള്‍ സിദ്ധാന്തവത്കരിച്ചതാണ് യൂജിന്റെ നേട്ടം. ഓഹരിവിലയെ പെട്ടെന്ന് ബാധിക്കുന്ന കാര്യങ്ങളും പ്രായോഗിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സാമ്പത്തികലോകത്തിന് നല്‍കി.ആസ്തികളുടെ വില നിര്‍ണയിക്കുന്ന സിദ്ധാന്തങ്ങള്‍ പരിശോധിക്കാന്‍ സഹായകമായ രീതി സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചതാണ് ഹാന്‍സന്റെ നേട്ടം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ലാഭവിഹിതത്തെ അപേക്ഷിച്ച് ഓഹരിവിലകള്‍ മാറിക്കൊണ്ടിരിക്കുന്നതുമായി ബന്ധപ്പെട്ട് 1980-ല്‍ നടത്തിയ കണ്ടെത്തലാണ് ഷില്ലര്‍ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
കഴിഞ്ഞവര്‍ഷവും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരാണ് സാമ്പത്തികനൊബേല്‍ നേടിയത്. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ പുരസ്‌കാരം നേടിയ 20ല്‍ 17 പേരും അമേരിക്കന്‍ പൗരന്മാരാണ്.നൊബേല്‍സമ്മാനങ്ങള്‍ 1895-ന് നിലവില്‍വന്നെങ്കിലും സാമ്പത്തികശാസ്ത്രത്തിനുള്ളത് 1968-ലാണ് ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണാര്‍ഥം സ്വീഡന്‍ സെന്‍ട്രല്‍ ബാങ്ക് ഏര്‍പ്പെടുത്തിയത്.

കടപ്പാട് :- മാത്രുഭൂമി ദിനപത്രം
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

നൊബേല്‍ 2013

പുരസ്കാരങ്ങൾ/അവാർഡുകൾ

Post A Comment:

0 comments: