സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മത്സര പരീക്ഷകള്‍ക്കു ക്ലാസെടുക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്

Share it:
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സാമൂഹിക മാധ്യമങ്ങളിലൂടെ മത്സര പരീക്ഷകള്‍ക്കു ക്ലാസെടുക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. മത്സരപരീക്ഷകള്‍ക്കും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈനിലൂടെ ജീവനക്കാര്‍ ക്ലാസെടുക്കുന്നുവെന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ നടപടി. അവധിയെടുക്കുന്നവര്‍ക്ക് ക്ലാസെടുക്കുന്നതിന് തടസമില്ലെങ്കിലും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളോ പരീക്ഷാ പരിശീലന കേന്ദ്രങ്ങളോ സ്ഥാപിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

കൊവിഡ് കാലത്ത് പിഎസ്‌സി പോലുള്ള മത്സര പരീക്ഷകള്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകരും ക്ലാസുകളെടുക്കുന്നുവെന്ന് സര്‍ക്കാര്‍ കണ്ടെത്തി. നേരത്തെ ചില പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലും ഇക്കാര്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇതു നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍, കോളജ് അധ്യാപകര്‍ എന്നിവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മത്സര പരീക്ഷകള്‍ക്കും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കും ക്ലാസെടുക്കാന്‍ പാടില്ല. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്, ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം മുതലായവ ഉപയോഗിച്ചു ക്ലാസെടുക്കുന്നതാണ് നിരോധിച്ചത്.

സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായുള്ള മത്സരപരീക്ഷകളുടെ പരിശീലനത്തിനു സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസെടുക്കാം. ശൂന്യവേതന അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് സ്വകാര്യ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യാം. എന്നാല്‍ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളോ സ്വകാര്യ ട്യൂഷന്‍ സെന്ററുകളോ സ്ഥാപിക്കാനോ നടത്താനോ പാടില്ലെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ വകുപ്പു മേധാവികള്‍ കര്‍ശന നടപടിയെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
Share it:

Government Orders

Post A Comment:

0 comments: