LDC പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്‌


15,29,921-വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് നിയമനത്തിനായി പി.എസ്.സി. നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണമാണിത്. എല്‍.ഡി.സി. പരീക്ഷാചരിത്രത്തില്‍ റെക്കോഡാണിത്. കഴിഞ്ഞതവണ ഈ പരീക്ഷയ്ക്ക് അപേക്ഷിച്ചത് 13.5 ലക്ഷം പേരായിരുന്നു എന്നോര്‍ക്കുക. ഇക്കുറി 15.3 ലക്ഷത്തോളം പേരില്‍നിന്നുവേണം മുന്നിലെത്താന്‍. 

കണക്കിലെ ലക്ഷങ്ങള്‍ ഓര്‍ത്ത് പരിഭ്രമിക്കേണ്ട കാര്യമില്ല. ചിട്ടയായ പരിശ്രമമുണ്ടെങ്കില്‍ മുന്നിലെത്താവുന്ന പരീക്ഷയാണിത്. എല്‍.ഡി.സി. പരീക്ഷയ്ക്ക് നവംബര്‍ ഒമ്പതിന് തുടക്കംകുറിക്കുകയാണ്. ഏറ്റവുമേറെ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ച ജില്ലയാണ് തിരുവനന്തപുരം; 2.14 ലക്ഷം പേര്‍. എട്ട് ഘട്ടങ്ങളിലായിനടക്കുന്ന പരീക്ഷ 2014 മാര്‍ച്ച് ഒന്നിന് അവസാനിക്കും
.

നേരത്തേ എത്തുക

ഉച്ചയ്ക്ക് രണ്ടിനാണ് പരീക്ഷ തുടങ്ങുക. എന്നാല്‍, അരമണിക്കൂര്‍ മുമ്പുതന്നെ(ഉച്ചയ്ക്ക് 1.30-ന്) ഉദ്യോഗാര്‍ഥികള്‍ പരീക്ഷാഹാളില്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ ഹാജരാകണം. അതിനുശേഷമെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കേണ്ടെന്ന് പി.എസ്.സി. കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം. പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റ് ഉച്ചയ്ക്ക് ഒന്നരയ്ക്കുതന്നെ അടയ്ക്കാനാണ് നിര്‍ദേശം. പരീക്ഷാകേന്ദ്രങ്ങള്‍ എവിടെയെന്നതും അവിടെയെത്താനെടുക്കുന്ന സമയത്തെക്കുറിച്ചുമൊക്കെ വ്യക്തമായ ബോധ്യമുണ്ടാകണം. ഓടിപ്പിടിച്ച് എത്തുന്നതിന് പകരം കാലേക്കൂട്ടി തയ്യാറെടുത്ത് നേരത്തേതന്നെ ഹാജരാവുക.
Question marks graphicsഹാള്‍ടിക്കറ്റ്  എങ്ങനെ ഡൗണ്‍ലോഡ് ചെയ്യേണ്ടത്?? Question marks graphics

ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പി.എസ്.സി.യുടെ എംബ്ലം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക. വ്യക്തമായി പതിഞ്ഞില്ലെങ്കില്‍ ഉത്തരക്കടലാസ് അസാധുവാക്കാനിടയുണ്ട്. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉദ്യോഗാര്‍ഥിയുടെ പേര്, വിലാസം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ നിശ്ചിതസ്ഥലത്ത് ചേര്‍ക്കണം. ഇതില്‍ അപേക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തിയ സ്‌കാന്‍ ചെയ്ത ഫോട്ടോയുടെ പകര്‍പ്പ് ഉള്‍പ്പെടുന്നതിനാല്‍ വേറെ ഫോട്ടോ പതിക്കേണ്ടതില്ല. രണ്ടാമതും ഫോട്ടോ പതിച്ച് ഹാജരാക്കുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതല്ല. ഈ സര്‍ട്ടിഫിക്കറ്റില്‍ സാക്ഷ്യപത്രത്തിനുതാഴെ ഉദ്യോഗാര്‍ഥി പരീക്ഷാഹാളിലെ അസി. സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഒപ്പിടണം. പരീക്ഷാഹാളില്‍ നല്‍കുന്ന ഹാജര്‍പട്ടികയില്‍ തന്റെ പേരിന് നേരേയും ഒപ്പ് രേഖപ്പെടുത്തണം. 

മൊബൈല്‍ പുറത്ത്

മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ഡയറി, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ വിനിമയ, ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നുംതന്നെ പരീക്ഷാഹാളില്‍ കൊണ്ടുവരാന്‍ പാടില്ല. എന്നാല്‍, ഉത്തരക്കടലാസ് പൂരിപ്പിക്കുന്നതിനായി റൈറ്റിങ് ബോര്‍ഡ് കൊണ്ടുവരാം. ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍(ഒ.എം.ആര്‍.) സംവിധാനം ഉപയോഗിച്ച് മൂല്യനിര്‍ണയം നടത്തുന്ന പരീക്ഷയാണിത്. അതിന് അനുസൃതമായ രീതിയിലാണ് ഉത്തരക്കടലാസുകള്‍ രൂപകല്പനചെയ്തിരിക്കുന്നത്. ഇവ ചുളിയാനോ മടക്കുവീഴാനോ നനയാനോ അടയാളങ്ങളും അഴുക്കുമൊക്കെ പതിയാനോ ഇടവരുത്താതിരിക്കുക. ബോള്‍പെന്‍(നീല/കറുപ്പ്) ഉപയോഗിച്ച് പൂരിപ്പിക്കുക. ചോദ്യക്കടലാസിലും ഉത്തരക്കടലാസിലും അച്ചടിയിലോ മറ്റോ എന്തെങ്കിലും തകരാറുണ്ടോയെന്ന് ആദ്യംതന്നെ പരിശോധിക്കുക. ഉണ്ടെങ്കില്‍ ഉടനെത്തന്നെ തിരികെക്കൊടുത്ത് മറ്റൊന്ന് വാങ്ങുക.

ഉത്തരക്കടലാസിന് എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ടാകും. ഇതില്‍ എ പാര്‍ട്ട് രജിസ്റ്റര്‍ നമ്പര്‍ കോഡിങ്ങിന്റേതാണ്. ഒ.എം.ആര്‍. ഉത്തരക്കടലാസാണ് ബി പാര്‍ട്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് ആവശ്യമായ നാല് അക്ഷരങ്ങളുടെ സൂചികയടങ്ങിയ ചോദ്യപ്പേപ്പറാണ് ലഭിക്കുക. ഈ അക്ഷരസൂചിക ഇരിപ്പിടത്തില്‍ രജിസ്റ്റര്‍നമ്പറിന് കീഴെ രേഖപ്പെടുത്തിയിരിക്കും, ഹാജര്‍പട്ടികയിലുമുണ്ടാകും. ഈ സൂചിക ഉദ്യോഗാര്‍ഥിക്ക് ലഭിക്കുന്ന ചോദ്യപുസ്തകത്തിലേതുതന്നെയെന്ന് ഉറപ്പാക്കണം.
വ്യത്യസ്തമായ സൂചികയുള്ള ചോദ്യപ്പേപ്പറാണ് ലഭിച്ചതെങ്കില്‍ ഉടനെ ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തുക.

ഉത്തരക്കടലാസില്‍ ഇന്‍വിജിലേറ്ററുടെ ഒപ്പ്(പേരില്ലാതെ), ഉദ്യോഗാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി, പരീക്ഷ നടക്കുന്ന തസ്തികയുടെ പേര്(എല്‍.ഡി.ക്ലര്‍ക്ക്), പരീക്ഷാത്തീയതി എന്നിവ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.

ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയായതിനാല്‍ ഉത്തരക്കടലാസിലെ കുമിളകള്‍ അഥവാ ബബിള്‍സ് കറുപ്പിക്കുകയാണ് വേണ്ടത്. ഇതിന് നീലയോ കറുപ്പോ മഷിയിലുള്ള ബോള്‍പേനയാണ് ഉപയോഗിക്കേണ്ടത്. റൈറ്റിങ് ബോര്‍ഡിന് മുകളില്‍വെച്ച് കറുപ്പിക്കുന്നതാണ് നല്ലത്. ബബിള്‍ പൂര്‍ണമായും കറുപ്പിച്ചിരിക്കണം. ചോദ്യക്കടലാസില്‍ ചോദ്യത്തിന്റെ ക്രമനമ്പര്‍തന്നെയാണ് ഉത്തരക്കടലാസിലെ ഉത്തരങ്ങളുടെയും ക്രമനമ്പര്‍. ഓരോ ക്രമനമ്പറിനും നേരേയുള്ള നാല് കുമിളകളില്‍ ശരിയുത്തരത്തിന്റേതുമാത്രം കറുപ്പിക്കുക. ഒരിക്കല്‍ അടയാളപ്പെടുത്തിയത് പിന്നീട് തിരുത്താന്‍ പാടില്ല. ഇങ്ങനെ തിരുത്തിയാല്‍ അത് നെഗറ്റീവ് മാര്‍ക്കായി കണക്കാക്കുന്നതായിരിക്കും. ഉത്തരം രേഖപ്പെടുത്താത്ത ചോദ്യത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവില്ല.

'നെഗറ്റീവ് ' ചതിക്കുഴി

ഓരോ ചോദ്യത്തിനും ഒരു ശരിയുത്തരംമാത്രം രേഖപ്പെടുത്താന്‍ ശ്രദ്ധിക്കുക. ഒരു മാര്‍ക്കാണ് ഒരു ശരിയുത്തരത്തിന് ലഭിക്കുക. എന്നാല്‍, ഉത്തരം തെറ്റായി രേഖപ്പെടുത്തിയാല്‍ അതിന്റെ മാര്‍ക്കിനൊപ്പം മൂന്നിലൊന്ന് മാര്‍ക്കുകൂടി മൈനസ് ചെയ്യും. തീരുമാനമെടുക്കാനുള്ള ഉദ്യോഗാര്‍ഥിയുടെ കഴിവിനെ പരീക്ഷിക്കുന്നതാണ് നെഗറ്റീവ് മാര്‍ക്ക്. ശരിയാണെന്ന് ഉറപ്പുള്ള ഉത്തരങ്ങള്‍ രേഖപ്പെടുത്തുന്നതാവും ഉചിതം.

ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനായി എന്തെങ്കിലും കണക്കുകൂട്ടലുകളോ കുറിപ്പുകളോ വേണ്ടിവരികയാണെങ്കില്‍ ചോദ്യപുസ്തകത്തിന്റെ അവസാനം നല്‍കിയിട്ടുള്ള പേപ്പര്‍ ഇതിനായി ഉപയോഗിക്കാം. എന്നാല്‍, ഉത്തരക്കടലാസില്‍ കുമിളകള്‍ കറുപ്പിക്കുകയല്ലാതെ മറ്റ് വരകളോ കുറികളോ ചിത്രപ്പണികളോ പാടില്ല.

പരീക്ഷാസമയംകഴിഞ്ഞുമാത്രമേ ഉദ്യോഗാര്‍ഥിക്ക് പുറത്തുപോകാന്‍ അനുവാദമുള്ളൂ. അതിനുമുമ്പ് ഉത്തരക്കടലാസ് പാര്‍ട്ട് എ-യും പാര്‍ട്ട് ബി-യുമായി നിര്‍ദിഷ്ടസ്ഥാനത്തുകൂടി കീറി രണ്ടുഭാഗവുംകൂടി അസിസ്റ്റന്റ് സൂപ്രണ്ടിനെ ഏല്‍പ്പിക്കണം.

തിരിച്ചറിയല്‍ നിര്‍ബന്ധം

പരീക്ഷയെഴുതാനെത്തുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പും ഹാജരാക്കണം. ഇതില്ലാത്തവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 
  1. Voters Identity Card, 
  2. Passport, 
  3. PAN Card, 
  4. Driving Licence, 
  5. Pass Book with photo issued by Nationalized Banks, 
  6. Photo Identity Card issued by Government Departments, 
  7. Photo Identity Card issued by Social Welfare Department, 
  8. Govt. of Kerala to Physically Handicapped persons, 
  9. Photo affixed Identity Card issued to the Ex-servicemen by the Zilla Sainik Welfare Officer / Discharge Certificate, 
  10. Conductor License issued by Motor Vehicles Department, 
  11. Photo affixed pass book issued by Scheduled Banks/Kerala State Co-operative Bank/ District Co-operative Banks, 
  12. Photo affixed Identity Card issued by Public Sector Undertakings (various companies/ corporations/ boards/authority)/Govt. autonomous institutions to their employees, 
  13. Photo affixed Identity Card issued by various Universities of Kerala to their employees, 
  14. Photo affixed Medical Certificate issued by Medical Board to P.H. candidates, 
  15. Photo affixed Identity Card issued by Bar Council to those who are enrolled as Advocates, 
  16. AADHAAR card issued by the Central Government. തുടങ്ങിയവയാണ് പി.എസ്.സി. അംഗീകരിച്ച തിരിച്ചറിയല്‍ രേഖകൾ . 

RELATED POSTS

LDC Exam Special

Post A Comment:

1 comments:

  1. first time anu njan psc ezhuthan pokunnath.enthoke thayyaredupukalanu njan pareeksha hallil varunnathinu munbait cheyendath

    ReplyDelete