പി.എസ്.സി. റാങ്കിന് മാര്‍ക്കിന്റെ ദശാംശവും കണക്കിലെടുക്കും

മാര്‍ക്കിന്റെ ദശാംശ സംഖ്യകൂടി കണക്കിലെടുത്തായിരിക്കും ഇനിമുതല്‍ പി.എസ്.സി. റാങ്ക്പട്ടികകള്‍ തയ്യാറാക്കുന്നത്. ഇപ്പോള്‍ ദശാംശസംഖ്യ ചേര്‍ന്നു വരുന്ന മാര്‍ക്കുകള്‍ പൂര്‍ണസംഖ്യയായി റൗണ്ട് ചെയ്താണ് കണക്കാക്കുന്നത്. അതിനാല്‍ ഒരേ മാര്‍ക്കുള്ളവര്‍ ധാരാളമുണ്ടാകും. അങ്ങനെ വരുമ്പോള്‍ ജനനത്തീയതി വെച്ച് പ്രായം കൂടിയ ആളിനെ ആദ്യറാങ്കിന് അവകാശിയാക്കുകയാണ് രീതി. ദശാംശ സംഖ്യയില്‍ റാങ്ക് നിശ്ചയിക്കുന്നതിലൂടെ ഈ ബുദ്ധിമുട്ടുകളെല്ലാം കുറയും.മാര്‍ച്ച് 30ന് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന സെക്രട്ടേറിയറ്റ്/ പി.എസ്.സി./ ലോക്കല്‍ ഫണ്ട് ഓഡിറ്റ് അസിസ്റ്റന്റ് റാങ്ക്പട്ടിക പുതിയ രീതിയിലായിരിക്കും തയ്യാറാക്കുക. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കുമ്പോള്‍ ദശാംശ സംഖ്യ കൂടിയുണ്ടാകും.കഴിഞ്ഞ ജനവരിയിലാണ് ഈ പുതിയ സോഫ്റ്റ്‌വേറിന് കമ്മീഷന്‍ അംഗീകാരം നല്‍കിയത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാ
മൂല്യനിര്‍ണയത്തിനാണ് ഈ പരിഷ്‌കാരം ആദ്യമായി ഏര്‍പ്പെടുത്തിയത്. ഇനിയുള്ള മൂല്യനിര്‍ണയങ്ങളും പുതിയ സോഫ്റ്റ്‌വേര്‍ അനുസരിച്ചായിരിക്കും.

നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായത്തിലെ അശാസ്ത്രീയതയും പുതിയ രീതിയിലൂടെ പരിഹരിക്കപ്പെടും. ഒരു ഉത്തരം തെറ്റുന്നതിന് 0.33 മാര്‍ക്കാണ് കുറയ്ക്കുന്നത്. മൊത്തം മാര്‍ക്കില്‍ ഈ കുറവ് രേഖപ്പെടുത്താറുണ്ടെങ്കിലും റൗണ്ട് ചെയ്യുമ്പോള്‍ പൂര്‍ണസംഖ്യയായി കുറഞ്ഞ മാര്‍ക്ക് തിരികെക്കിട്ടും. 
എന്നാല്‍ രണ്ട് ഉത്തരങ്ങള്‍ തെറ്റിക്കുന്നയാളിന് 0.66 മാര്‍ക്ക് കുറയ്ക്കുമ്പോള്‍ ഫലത്തില്‍ റൗണ്ട് ചെയ്ത് മൂന്ന് ഉത്തരങ്ങള്‍ തെറ്റിക്കുന്നതിന് തുല്യമായി ഒരു മാര്‍ക്ക് നഷ്ടപ്പെടും.
അതിനാല്‍ ശരിക്കുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നില്ല റാങ്ക്പട്ടികയില്‍ പേര് സ്ഥാനം പിടിക്കുക. ഇത് ജോലി കിട്ടുന്നതിനും സീനിയോറിറ്റി ഉള്‍പ്പെടെയുള്ള വിവേചനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഈ അശാസ്ത്രീയമായ റാങ്ക് നിര്‍ണയമാണ് പുതിയ സോഫ്റ്റ്‌വേറിലൂടെ ഇല്ലാതാകുന്നത്.

RELATED POSTS

Post A Comment:

0 comments: