കേരളത്തിന്റെ കോണ്‍ഗ്രസ്‌



ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആഴങ്ങളിലേക്കു നീളുന്നതാണ് കോണ്‍ഗ്രസ് (Congress)എന്ന മഹാപ്രസ്ഥാനത്തിന്റെ വേരുകള്‍. സമരവും സഹനങ്ങളുമാണ് അതിന്റെ ചുവടുകള്‍ക്ക് വളമായത്. പിന്നീട്, കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായി. കേരളത്തിലെ കോണ്‍ഗ്രസ്സിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍.

ഒരു ഭാഷ; ഒന്നിലധികം ദേശീയതകള്‍


ഇന്ത്യയില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഉദ്ഭവവും വികാസപരിണാമങ്ങളും നടക്കുമ്പോള്‍ കേരളത്തില്‍ മൂന്ന് വ്യത്യസ്ത ഭരണവ്യവസ്ഥകളാണ് ഉണ്ടായിരുന്നത്. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരം ടിപ്പുവില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്കു ലഭിച്ച മലബാര്‍ പ്രദേശം ബ്രിട്ടീഷിന്ത്യയിലെ ഭാഗമായ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് അധീശത്വമംഗീകരിക്കുന്ന സാമന്ത രാജ്യങ്ങളായി മാറി. അങ്ങനെ ഒരു ഭാഷയും മൂന്നുതരം ദേശീയതകളുമുള്ള കേരളം നിലകൊണ്ടു.


ദേശീയപ്രസ്ഥാനത്തിന്റെ അലകള്‍
ദേശീയപ്രസ്ഥാനം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ശക്തിപ്രാപിച്ചപ്പോള്‍ അതിന്റെ സ്വാധീനം കേരളത്തിലുമുണ്ടായി. ആദ്യ അലകള്‍ പ്രത്യക്ഷപ്പെട്ടത് മലബാറിലാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1897-ലെ അമരാവതിസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് മലബാറുകാരനായ സി. ശങ്കരന്‍ നായരായിരുന്നു. മലബാറില്‍ കോണ്‍ഗ്രസ്സിന്റെ ഒരു ജില്ലാക്കമ്മിറ്റി 1910-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. സി. കുഞ്ഞിരാമ മേനോനായിരുന്നു സെക്രട്ടറി. ആനിബസന്റിന്റെയും ബാലഗംഗാധര തിലകന്റെയും നേതൃത്വത്തില്‍ ഹോംറൂള്‍ പ്രസ്ഥാനം ശക്തിപ്രാപിച്ചപ്പോള്‍ അത് മലബാറിനെയും സ്വാധീനിച്ചു. കെ.പി. കേശവമേനോന്‍, മഞ്ചേരി രാമയ്യര്‍ തുടങ്ങിയവര്‍ ആ പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു.


മലബാര്‍ രാഷ്ട്രീയ സമ്മേളനങ്ങള്‍


* 1916 മുതല്‍ വര്‍ഷംതോറും മലബാറില്‍ രാഷ്ട്രീയ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ആദ്യത്തെ മലബാര്‍ ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് 1916 മെയ് 4, 5 തീയതികളില്‍ പാലക്കാട്ട് നടന്നു. ആനിബസന്റാണ് അധ്യക്ഷത വഹിച്ചത്.

* രണ്ടാമത്തെ സമ്മേളനം 1917 ഏപ്രില്‍ 23, 24 തീയതികളില്‍ കോഴിക്കോട്ടു ചേര്‍ന്നു. സി.പി. രാമസ്വാമി അയ്യരായിരുന്നു അധ്യക്ഷന്‍ (പില്ക്കാലത്ത് തിരുവിതാംകൂര്‍ ദിവാനായ സി.പി. ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ ഭാരവാഹികളിലൊരാളായിരുന്നു).

* തലശ്ശേരിയിലാണ് മൂന്നാം സമ്മേളനം നടന്നത്. 1918 മെയ് 6-നു ചേര്‍ന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് മിര്‍ ആനന്ദ് അലി ഖാന്‍ ബഹാദൂറായിരുന്നു. ബെങ്കനപ്പള്ളിയിലെ ഒരു ജമീന്ദാറായിരുന്നു അദ്ദേഹം.

* കെ.പി. രാമന്‍ മേനോന്റെ അധ്യക്ഷതയില്‍ നാലാമത്തെ സമ്മേളനം 1919 മെയ് 5, 6 തീയതികളില്‍ വടകരയില്‍ നടന്നു.

* അഞ്ചാമത്തേതും അവസാനത്തേതുമായ മലബാര്‍ രാഷ്ട്രീയ സമ്മേളനം 1920 ഏപ്രില്‍ 18-ന് മഞ്ചേരിയില്‍ ചേര്‍ന്നു. ഹിന്ദു പത്രാധിപര്‍ കസ്തൂരിരങ്ക അയ്യങ്കാര്‍ അധ്യക്ഷനായിരുന്നു. 1920-ല്‍ നാഗ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് വാര്‍ഷികസമ്മേളനം പ്രവിശ്യാ കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു.

കെ.പി.സി.സി. നിലവില്‍ വരുന്നു


* കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി 1921-ല്‍ നിലവില്‍ വന്നു. 1921 ജനവരി 30-ന് കോഴിക്കോട്ട് ചേര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ യോഗമാണ് കെ.പി.സി.സി.ക്ക് രൂപം നല്കിയത്. കോഴിക്കോട് ആസ്ഥാനമായുള്ള കെ.പി.സി.സി.യുടെ കീഴില്‍ തലശ്ശേരി, കോഴിക്കോട്, പാലക്കാട്. കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ അഞ്ച് ജില്ലാക്കമ്മിറ്റികളും രൂപവത്കരിച്ചു. സെക്രട്ടറിയായിരുന്നു കെ.പി.സി.സി.യുടെ മുഖ്യ ഭാരവാഹി. കെ. മാധവന്‍നായര്‍ ആദ്യ സെക്രട്ടറിയായി. പില്ക്കാലത്ത് പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിക്ക് പ്രസിഡണ്ട് വേണമെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചു. അതുപ്രകാരം 1925 ജൂലായ് 20-ന് കോഴിക്കോട്ടു ചേര്‍ന്ന കെ.പി.സി.സി. യോഗം കെ. മാധവന്‍ നായരെ പ്രസിഡന്റായി തിരഞ്ഞെടുത്തു. അങ്ങനെ ആ രണ്ടു പദവികളും ആദ്യം വഹിച്ചു എന്ന പ്രത്യേകത അദ്ദേഹത്തിനു സ്വന്തമായി. ഇതേ യോഗം കെ. കേളപ്പനെ സെക്രട്ടറിയായും കെ. മാധവമേനോനെ ഖജാന്‍ജിയായും തിരഞ്ഞെടുത്തു.

കോണ്‍ഗ്രസ്സ് സമ്മേളനങ്ങള്‍


* ഒന്നാമത്തെ സംസ്ഥാന കോണ്‍ഗ്രസ്സ് സമ്മേളനത്തിനു വേദിയായത് ഒറ്റപ്പാലമാണ്. ആന്ധ്രയിലെ കോണ്‍ഗ്രസ്സ് നേതാവ് ടി. പ്രകാശമാണ് 1921 ഏപ്രില്‍ 23-ന് നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്.

* രണ്ടാമത്തെ സമ്മേളനം 1923 മെയ് 6-ന് കോഴിക്കോട്ടു നടന്നു. സരോജിനി നായിഡുവായിരുന്നു അധ്യക്ഷ സ്ഥാനത്ത്.

* മൂന്നാമത്തെ കോണ്‍ഗ്രസ്സ് സമ്മേളനം 1927 ഏപ്രില്‍ 16-ന് കോഴിക്കോട്ടു നടന്നു. മുംബൈയിലെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബി.ജി. ഹൊര്‍നിമാനായിരുന്നു അധ്യക്ഷന്‍.

* ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയിലാണ് നാലാം സമ്മേളനം നടന്നത്. ഇന്ത്യയൊട്ടാകെ സൈമണ്‍ കമ്മീഷനെതിരെ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തില്‍ 1928 മെയ് 25-27 തീയതികളില്‍ പയ്യന്നൂരിലാണ് സമ്മേളനം നടന്നത്.

* വടകരയില്‍ 1931 മെയ് 3-5 തീയതികളില്‍ നടന്ന അഞ്ചാം സമ്മേളനത്തില്‍ സെന്‍ഗുപ്ത അധ്യക്ഷത വഹിച്ചു.

* കെ.പി.സി.സി.യെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചതിനാല്‍ ആറാം സമ്മേളനം രഹസ്യമായിട്ടാണ് നടത്തിയത്. കോഴിക്കോട്ട് 1932 മെയ് 15-ന് നടന്ന സമ്മേളനത്തിന്റെ അധ്യക്ഷന്‍ സാമുവല്‍ ആറോണ്‍ ആയിരുന്നു.

* ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ മധ്യത്തില്‍ കോണ്‍ഗ്രസ്സില്‍ രൂപംകൊണ്ട സോഷ്യലിസ്റ്റ് ആഭിമുഖ്യം വിഭാഗീയതയ്ക്കു കാരണമായി. കമ്യൂണിസത്തോടു ചായ്‌വുണ്ടായിരുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ഇടതുചിന്താഗതിയെ പ്രതിനിധാനം ചെയ്തു.

* ഏഴാമത് സമ്മേളനത്തിന്റെ വേദി കോഴിക്കോടായിരുന്നു. 'ബോംബെ ക്രോണിക്കിള്‍' പത്രാധിപര്‍ സയ്യദ് അബ്ദുള്ള ബ്രല്‍വിയുടെ അധ്യക്ഷതയില്‍ 1935 മെയ് 28-ന് നടന്ന സമ്മേളനത്തില്‍ അഭിപ്രായവൈരുധ്യം പ്രമേയ ചര്‍ച്ചകളില്‍ പ്രതിഫലിച്ചു. ഭിന്നത പരിഹരിക്കാന്‍ സമ്മേളനത്തിനു ശേഷം കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കളുടെ സാന്നിധ്യത്തില്‍ ഒരു സന്ധിയുണ്ടാക്കി. അതുപ്രകാരം ഇ.എം.എസ്. സെക്രട്ടറിസ്ഥാനം രാജിവെച്ചു. കോങ്ങാട്ടില്‍ രാമന്‍ മേനോനെ പ്രസിഡന്റായും കോഴിപ്പുറത്ത് മാധവമേനോനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.ഇതിലൂടെ വലതു വിഭാഗത്തിന് മേല്‍ക്കൈ ലഭിച്ചു. അതുകൊണ്ടുതന്നെ ഈ ഒത്തുതീര്‍പ്പ് യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായില്ല.

* 1938, 1939, 1940 വര്‍ഷങ്ങളില്‍ കെ.പി.സി.സി.യുടെ ചുമതലക്കാരായി പ്രവര്‍ത്തിച്ചത് ഇടതുപക്ഷക്കാരായിരുന്നു. കെ.പി.സി.സി.യില്‍ വലതുപക്ഷ നേതൃത്വത്തിലുള്ള ഗാന്ധിയന്‍ വിഭാഗത്തിനെതിരെ കമ്യൂണിസ്റ്റ് ചായ്‌വുള്ള ഇടതുപക്ഷവും മുഹമ്മദ് അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള ദേശീയ മുസ്‌ലിംകളും ഒരുമിച്ചു പ്രവര്‍ത്തിച്ചു.

* കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണ്‍ 1938 ഏപ്രിലില്‍ കോഴിക്കോട്ടു നടന്ന എട്ടാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേലുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഈ സമ്മേളനത്തില്‍ പാസാക്കി.

* ഗാന്ധിയന്‍ വിഭാഗത്തിനെതിരെ ഇടതരും ദേശീയ മുസ്‌ലിമുകളും കൈകോര്‍ത്തതിനാല്‍ 1939 ജനവരി 16-നു നടന്ന കെ.പി.സി.സി. ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ അവര്‍ക്കു വിജയം നേടാനായി. മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍ സാഹിബ് വീണ്ടും കെ.പി.സി.സി. പ്രസിഡന്റായി.

* 1939-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഔദ്യോഗിക സ്ഥാനാര്‍ഥികളെ വലതുപക്ഷ കോണ്‍ഗ്രസ്സുകാര്‍ പരസ്യമായി എതിര്‍ക്കുകപോലുമുണ്ടായി. പ്രമുഖരുള്‍പ്പെടെ പല കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റും അതില്‍പ്പെടും. എന്നിട്ടും കോണ്‍ഗ്രസ്സിന് ഡിസ്ട്രിക്ട് ബോര്‍ഡില്‍ വേണ്ടത്ര ഭൂരിപക്ഷം കിട്ടി. കെ.പി. നൂറുദ്ദീന്‍ ബോര്‍ഡിന്റെ പ്രസിഡന്റായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗവണ്‍മെന്റ് അത് പിരിച്ചുവിട്ട് ബോര്‍ഡിന്റെ ഭരണച്ചുമതല ഏറ്റെടുത്തു



Subscribe to PSC HELPER G.K by Email

RELATED POSTS

കേരളം

കോണ്‍ഗ്രസ്

Post A Comment:

0 comments: